തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, സ്വതന്ത്ര വെബ് പോർട്ടലുകളുടെയും പ്രാദേശിക യൂട്യൂബ് വാർത്താ ചാനലുകളുടെയും എണ്ണം വർധിച്ചതോടെ വാർത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായതായി ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) വിലയിരുത്തി. കൃത്യമായ നിയന്ത്രണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അഭാവം ഡിജിറ്റൽ മാധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ പ്രകാരം ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് ത്രിതല പരാതി പരിഹാര സംവിധാനം ബാധകമാണ്. ഇതിന്റെ ഭാഗമായി പ്രസാധകരുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിനൊപ്പം സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടുന്ന രണ്ടാംതല സ്വയം നിയന്ത്രണ സംവിധാനവും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ജെ.എം.എയുടെ കീഴിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിൽ (ജെ.എം.എ.ജി.സി) അംഗത്വമുള്ള ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്തകളുടെ കൃത്യതയും മാധ്യമ ധാർമ്മികതയും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ ഇടപെടുന്നു. അതേസമയം, സ്ഥാപനങ്ങളുടെ പിൻബലമില്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകർ നേരിടുന്ന തൊഴിൽപരമായ അരക്ഷിതാവസ്ഥ, സ്ഥിരവരുമാനത്തിന്റെ അഭാവം, ആരോഗ്യ ഇൻഷുറൻസ്, നിയമപരിരക്ഷ എന്നിവയുടെ അപര്യാപ്തതയും പരിഹരിക്കേണ്ടതുണ്ട്. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ക്ഷേമപദ്ധതികൾ, കൂട്ടായ ഇൻഷുറൻസ് പരിരക്ഷ, നിയമസഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്ക് മാത്രമായി മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ജെ.എം.എ. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ സ്വയം നിയന്ത്രണ സംവിധാനങ്ങളും മാധ്യമപ്രവർത്തകരുടെ ക്ഷേമപദ്ധതികളും ശക്തിപ്പെടുത്തുന്നത് പ്രാദേശിക ഡിജിറ്റൽ മാധ്യമരംഗത്തിന് കൂടുതൽ സ്ഥിരത നൽകുമെന്നാണ് വിലയിരുത്തൽ.




