തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 310 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങലയും ലൈവ് കാർഡിയോ എക്സർസൈസും സംഘടിപ്പിച്ചതാണ് ഒരു റെക്കോർഡ് നേട്ടമായി മാറിയത്.
മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിന്റെ അന്താരാഷ്ട്രതലത്തിലുള്ള ചികിത്സാ പ്രവർത്തനങ്ങൾക്കാണ് രണ്ടാമത്തെ ലോക റെക്കോർഡ് അംഗീകാരം ലഭിച്ചത്. 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനും വിവിധ രാജ്യങ്ങളിലെ കാർഡിയോളജിസ്റ്റുകൾക്ക് പരിശീലനം നൽകുകയും വൈദഗ്ധ്യം പങ്കുവെക്കുകയും ചെയ്തതിനുമാണ് അംഗീകാരം.
ഹൃദ്രോഗ പ്രതിരോധത്തെക്കുറിച്ചും ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചത്.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഡോ. എൻ. പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മനു ഹൃദയദിന സന്ദേശം നൽകി.
വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റും വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയയും നേട്ടങ്ങൾ പരിശോധിച്ച് അംഗീകരിച്ചു. തുടർന്ന് ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി.
മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് നന്ദി പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ.സി. സ്വാഗതം പറഞ്ഞു. ബർസർ ഫാ. നിധീഷ് വള്ളിയത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജു ജോൺ എന്നിവർ പങ്കെടുത്തു.




